मलयालम में अनुवाद: दिलीप, वामनपुरम
കാലങ്ങൾ നീണ്ട കാത്തിരിപ്പിനും അസംഖ്യം അമ്മമാരുടെ തോരാത്ത കണ്ണുനീരിനും നിരവധി യുവാക്കളുടെ നിറം മങ്ങിയ സ്വപ്നങ്ങൾക്കും വറ്റാത്ത വറുതിക്കാലത്തിനും ശേഷം, ഒടുവിൽ ‘അവർ’ ( അവൾ ) വന്നെത്തിയിരിക്കുന്നു. ഭാദ്രമാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഇരുണ്ട രാത്രിയിൽ ‘അവർ ‘ ക്ക് സ്വാഗതമരുളാൻ സൂര്യ ചന്ദ്രൻമാർ പോലും വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നപോലെ. കൂടെയുള്ള ശുഭ്ര വേഷധാരികൾ, മണ്ണിന്റെ പൊടിപോലും തൊട്ടാത്ത അവരുടെ തിളങ്ങുന്ന പാദരക്ഷൾ. വാദ്യമേളങ്ങളുടെ ആകാശം മുട്ടുന്നന്ന ശബ്ദലോഷങ്ങളോടൊപ്പം ‘അവരെ ‘ പല്ലക്കിലിരുത്തി ഘോഷയാത്രയ്ക്കൊപ്പം ആടിയും പാടിയും നാൽക്കവലയിലെത്തിയപ്പോൾ ‘അവർ’ ഇടത്തേയ്ക്കൊന്നു നോക്കി. അനന്ത കാലങ്ങളായി കനത്ത ഇരുട്ട് മാത്രം കണ്ടിരിക്കുന്ന അസംഖ്യം കണ്ണുകളിൽ പ്രതീക്ഷയുടെ ദീപാവലി തെളിഞ്ഞപോലെ. ‘അവർ ‘ സ്നിഗ്ധമായ മിഴികളോടെ അവരെ നോക്കി. പിന്നെ പല്ലക്കിൽ നിന്നിറങ്ങി ചെളിനിറഞ്ഞ വഴി ചവിട്ടിയപ്പോഴേക്കും വാദ്യഘോഷങ്ങൾ പൊടുന്നനെ നിലച്ചു. ചുറ്റുപാടാകെ കനത്ത നിശബ്ദതയിൽ മൂടി.
” എന്താണിത് ? അങ്ങ് എവിടേക്കാണ് പോകുന്നത് ? ശുഭ്രവസ്ത്രധാരി നെറ്റിചുളിച്ചു.
” എവിടേക്കെന്നോ ? കാലങ്ങളായി തപം ചെയ്തവർ, ആ നിസീമ തപത്തിന്റെ കരുത്തിലാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എന്നെ ആവശ്യമുള്ള അവർക്കിടയിലേക്ക് ഞാൻ പോകുന്നു. ദൃഢ സ്വരത്തിൽ സഹർഷം ‘അവർ ‘ പറഞ്ഞു.
ആ തീരുമാനത്തെ നിരാകരിച്ചുകൊണ്ട് മുതിർന്ന ശുഭ്ര വേഷധാരി മുന്നോട്ട് വന്നു. ഇരുട്ടിലാണ്ടു നിന്ന ജനതയെ സംബോധന ചെയ്ത് വിനയാന്വിതനായി പറഞ്ഞു, ” സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ സുദിനം. ഇവിടെ അധികാരം നിങ്ങൾക്കാണ്. എന്നാൽ എനിക്കൊരു അപേക്ഷയുണ്ട്, ‘അവർ ‘ ഇന്ന് വന്നിട്ടേയുള്ളൂ. ചുറ്റും കനത്ത ഇരുട്ട് മൂടി യിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. ഇന്നത്തെ രാത്രി അവരെ വിശ്രമിക്കാൻ വിടാം. അല്പ നേരത്തെ കാര്യമല്ലേ. അടുത്ത പ്രഭാതത്തിൽ അന്നെ ഞാൻ അവരെ നിങ്ങളുടെ അടുത്തെത്തിക്കാം. അതുവരെ നിങ്ങൾക്ക് സ്വാഗതത്തിനുള്ള ഒരുക്കങ്ങളാകാം. “
അവർ സമ്മതിച്ചു കൊണ്ട് തല കുലുക്കി. പിന്നെ പ്രതീക്ഷയാർന്ന മിഴികളോടെ ‘അവർ ‘ ക്കുനേരേ നോക്കിനിന്നു. ആ മിഴികളുടെ മൗനാനുവാദത്തിൽ ‘ ”അവർ ‘ സ്വമേധയാ പല്ലക്കിനു നേരേ നടന്നു. ശുഭ്ര വേഷധാരികളുടെ നെറ്റിയിലെ ചുളിവുകൾ നിവർന്നു. ചുണ്ടുകളിൽ കുടിലമായൊരു പുഞ്ചിരി പടർന്നു. ‘അവർ ‘ ശുഭ്ര വേഷധാരികൾക്ക് സൂചന നൽകി. വാദ്യ മേളങ്ങൾ വീണ്ടും മദയാനയെപ്പോലെ അലറി. ‘അവർ ‘പല്ലക്കേറിയപ്പോഴേക്കും ശുഭ്ര വേഷധാരികൾ ഉറപ്പുള്ള റോഡു കടന്ന് പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന കെട്ടിടങ്ങൾക്കു നേരേ നടന്നു.
ഇരുട്ട് മറയുന്നതും പ്രകാശം പരക്കുന്നതും കാത്ത് അവർ ….. ഇന്നും.